ഒരു സ്വപ്ന സാക്ഷാത്കാരം
മുല്ലപ്പെരിയാറും മുള്ളിരിങ്ങാട് പുഴയും പിന്നെ പേരറിയാത്ത ഒരു പുഴയും കൂടി ചേര്‍ന്നൊഴുകുന്ന ഒരു പുഴ കടന്നു വേണമായിരുന്നു, എനിക്ക് ചെറുപ്പത്തില്‍ സ്കൂളില്‍ പോകാന്‍.കടത്തു വള്ളത്തില്‍ കയറിയാണ് ദിവസവും പോകാറ്.
വള്ളം കെട്ടി വഞ്ചിക്കാരന്‍ വീട്ടിലെത്തിയാല്‍ തിരുവിതാംകൂര്‍ തിരുമനസ് വന്നാലും അയാള്‍ വഞ്ചിയിറക്കില്ല. ഒരുഎഴുപത് വയസ് പ്രായമുള്ള അപ്പൂപ്പനായിരുന്നു വഞ്ചിക്കാരന്‍. പിന്നെ സ്കൂളില്‍ പോകണമെങ്കില്‍ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റിവരണം. സാധാരണ പോകുന്ന സമയത്തിനല്പംവൈകിയാല്‍ നോക്കിയാല്‍ കാണുന്ന സ്കൂള്‍ നോക്കി കാണുകയല്ലാതെ അടുത്തെത്താന്‍ മാര്‍ഗമില്ല. അല്ലെങ്കില്‍ പിന്നെ ഇക്കരെ നിന്ന് ഹാജര്‍ പറയണം. സ്കൂളില്‍ നിന്ന് വൈകിയെത്തിയ പല ദിവസങ്ങളിലും ഈ ദൂരമത്രയും നടന്നിട്ടുണ്ട്.
വേനല്‍ കാലത്ത് പുഴ വറ്റും. ഇടയ്ക്കിടയ്ക്കുള്ള പാറകള്‍ക്കും പുല്‍മേടകള്‍ക്കുമിടയിലായി ഇത്തിരി വെള്ളത്തില്‍ പുഴ നില്‍ക്കും. പാറയ്ക്കിടയിലെ കുഴികളില്‍ ചെമ്പരത്തിത്താളിയും വെള്ളിലത്താളിയും പതപ്പിച്ച് എണ്ണയും സോപ്പുമുണ്ടാക്കി കളിച്ചും, തോര്‍ത്തുകൊണ്ട് പിടിച്ച പരല്‍ മീനിന്റെ പിടച്ചില്‍ കണ്ട് ചിരിച്ചും, പിന്നെ അതിന്റെ മരണവെപ്രാളംകാണുമ്പോള്‍ പുഴയില്‍ തിരിച്ചിട്ട് രക്ഷിച്ചും കഴിച്ചു കൂട്ടും.
വര്‍ഷക്കാലത്ത് പുഴ കര കവിഞ്ഞൊഴുകി വെള്ളം വീട്ടുമുറ്റത്തെത്തും. രണ്ട് ദിവസം കഴിഞ്ഞ് വെള്ളമിറങ്ങുമ്പോള്‍ അച്ഛന്റെ വാഴയും കപ്പയും അമ്മയുടെ ചേനയും ചേമ്പും കൂര്‍ക്കയുമെല്ലാം പത്മവ്യൂഹം ഭേദിച്ച് പുറത്തിറങ്ങിയിട്ടുണ്ടാവും.
പുഴയിലെ വെള്ളത്തിന് മഞ്ഞനിറമായിരിക്കും. ഒഴുക്കിന്റെ ശബ്ദം ദൂരെ കേള്‍ക്കുകയും ചെയ്യാം. ഇങ്ങിനെയൊരു വര്‍ഷക്കാലത്ത് എനിക്കൊരാഗ്രഹം. ഒന്നു വള്ളം തുഴയണം. ക്രിക്കറ്റ് ബാറ്റ് പോലുള്ള പങ്കായം ഇരു വശത്തും മാറി മാറി തുഴഞ്ഞും വഞ്ചിയേക്കാള്‍ വലുപ്പമുള്ള മുളങ്കോല്‍ ഇടയ്ക്കിടയ്ക്ക് ആഞ്ഞു കുത്തിയും വഞ്ചിക്കാരന്‍ വഞ്ചി ഓടിക്കുന്നതിന്റെ ഗുട്ടന്‍സൊന്നറിയണമല്ലോ.
വഞ്ചിക്കാരനായ അപ്പൂപ്പന്‍ അയല്പക്കകാരനാണ്. ചായ കുടിക്കാനും മുറുക്കാനും അമ്മൂമ്മയുമായി വര്‍ത്തമാനം പറയാനുമെല്ലാംവീട്ടില്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ മിഠായിറ്റും തന്നിട്ടുണ്ട്. പക്ഷേ സ്കൂളില്‍ പോകുന്ന വഴിക്ക് എല്ലാകുട്ടികളേയും വഴക്ക് പറയുമ്പോള്‍ എന്നേയും പറയാറുണ്ട്. അതുകൊണ്ട് ആളെ പേടിയുമില്ലാതില്ല.
ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം. മനസ്സിലുറപ്പിച്ചു. ക്ലാസ്സിലെ സകലമാന വീര പുരുഷന്മാരുംവഞ്ചിയില്‍ കയറിയെന്നുറപ്പായപ്പോള്‍ ഞാന്‍ പതുക്കെ മുന്നോട്ട് ചെന്നു. “അന്തുലുക്കാക്കാ, വള്ളംഞാനിനോടിച്ചോട്ടേ”. അയാളെന്നെ നോക്കി പുഴ ഞെട്ടുമാറുച്ചത്തില്‍ ‘എന്നതാ’ന്ന് ചോദിച്ചു.
ഞാന്‍ ഉറക്കെ ചോദിച്ചു,”എനിക്ക് വള്ളമൊന്ന് ഓടിക്കാന്‍ തര്വേ”.
"നിനക്ക് പങ്കായം പിടിക്കാനറിയോ?
“എനിക്കറിയാം”എന്റെ ഭവ്യത കണ്ടാവാം അയാള്‍ പറഞ്ഞു,”വെള്ളമിറങ്ങി വേനലാവട്ടേ’.
വേനലായാല്‍ നിങ്ങളെന്തിന്, വഞ്ചിയെന്തിന് എന്ന് മനസ്സില്‍പറഞ്ഞുകൊണ്ട് ഞാന്‍ മുളങ്കോലെടുത്ത് പുഴയിലിട്ടു.
പുള്ളിക്കാരന് ദേഷ്യം വന്നു. അയാള്‍ പങ്കായം എന്റെ കാലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് വള്ളത്തിന്റെ അങ്ങേത്തലയ്ക്കല്‍ പോയിരുന്നു.
ഞാന്‍ പങ്കായം കയ്യിലെടുത്തു.ഷാജിയേയും അനസിനേയും നോക്കി. ഇന്നലെവരെ എന്നെ കളിയാക്കിയവരേ,നിന്റെയൊക്കെ ജീവനിതാ എന്റെ വിരല്‍തുമ്പിലെന്ന ഭാവത്തില്‍.തുഴഞ്ഞു തുടങ്ങി. എതിര്‍ ദിശയിലാണ് തുഴയേണ്ടത്. ഇതാ വഞ്ചി നീങ്ങുന്നു. ഞാന്‍ അഭിമാനത്തോടെയുംഅഹങ്കാരത്തോടെയും രണ്ട് വശത്തും മാറി മാറി തുഴഞ്ഞു.
ഇനി ഇടയ്ക്ക് മുളങ്കോല്‍ കുത്തണമല്ലോ. അതാണ് നിയമം. പങ്കായം താഴെയിട്ടു. മുളയെടുത്തു.ആഞ്ഞുകുത്തി. അപ്പോഴേയ്ക്കും പുഴയ്ക്ക് നടുവിലെത്താറായിരുന്നു.വഞ്ചിയതാ അക്കരയ്ക്ക് നീങ്ങുന്നതിന് പകരം താഴോട്ട് പോകുന്നു. വീണ്ടും പങ്കായമെടുത്തു തുഴഞ്ഞുനോക്കി. ഒഴുക്കില്‍ എന്റെ കൈക്ക് വല്ലാത്ത ഭാരം. അത് നേരെയിരുന്ന എന്നെ വളച്ചോടിക്കുന്നു.പങ്കായം വലിച്ചിട്ട് പുഴയില്‍ നിന്ന് പോരുന്നില്ല.വള്ളം ഒഴുകി കൊണ്ടിരുന്നു. താഴെ അപകടകാരിയായ ഒരു വലിയ ചുഴിയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.ആ ഭാഗത്തേയ്ക്കാണ് വള്ളം പോയികൊണ്ടിരിക്കുന്നത്.
കുട്ടികളെല്ലാം അലറിക്കരയാന്‍ തുടങ്ങി.വഞ്ചിക്കാരന്‍ കല്ലുപോലെ അനങ്ങാതിരുന്നു. “പോട്ടേ, പോട്ടേ, അവള്‍ക്ക് തുഴഞ്ഞു മതിയാകട്ടേ”.കാര്യം അത്ര പന്തിയല്ലെന്നെനിക്കും മനസ്സിലായി. ഞാനും അവരോടൊപ്പം കൂടെ കരഞ്ഞു.“എന്റെ പൊന്നന്തുലുക്കാക്കാ, ഇനിയൊരിക്കലും ഞാന്‍ വഞ്ചി തുഴയാന്‍ ചോദിക്കൂല്ലാ”.ഒരുവിധം അയാളെത്തി വഞ്ചി കരക്കെത്തിച്ചു. മനസ്സിലപ്പൊഴും ക്ലാസ്സില്‍ കൂട്ടുകാര്‍ കൂവുമെന്ന നാണക്കേടുമായി സ്കൂളിലേക്ക് നടന്നു.