എന്നിലുണ്ടിന്നേവരെ ജീവിച്ച സംസ്കാരങ്ങള്‍ എന്നിലുണ്ടിനിയത്തെ വിടരും സംസ്കാരങ്ങള്‍ ഈശ്വരനല്ല, മാന്ത്രികനല്ല ഞാന്‍ പച്ച മണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍

Sunday, January 28, 2007

ആദ്യപാചകം

എനിക്കന്നുമിന്നുമെന്നും ഏറ്റവും നന്നായി പാചകം ചെയ്യാനറിയാവുന്നത് സുലൈമാനിയെന്ന കട്ടന്‍ ചായ മാത്രമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നിയേക്കാമെങ്കിലുംകോമ്പിനേഷനില്‍ വളരെ ശ്രദ്ധ ഇതിന് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കടുപ്പം കൂടി മധുരം കുറഞ്ഞാലും കടുപ്പം കുറഞ്ഞ് മധുരം കൂടിയാലും കടുപ്പവും മധുരവും ഒരേപോലെയായാലും കുടിക്കാന്‍ പറ്റില്ല. നേരിയ അനുപാതത്തില്‍ കടുപ്പവും പിന്നെയൊരല്പം മധുരവുമായാല്‍ ഇതിനോളം രുചി മറ്റൊന്നിനുമില്ല. എറണാകുളം-ആലുവ ബസ്സിലിരുന്ന്മുഷിയുമ്പോള്‍ സുലൈമാനിയെന്ന ഈ സുന്ദരിയായ കൂട്ടുകാരിയെയോര്‍ത്തെനിക്ക് നഷ്ട്ബോധം തോന്നാറുണ്ടായിരുന്നു. എന്റെ സുലൈമാനി പരീക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം സാധാരണചായയോട് മടുപ്പായിരുന്നു.

ദിവസവും കഴുകിയ അതേ പ്ലേറ്റ് തന്നെ വീണ്ടും കഴുകിയിട്ടും, വൃത്തിയാക്കിയ മുറികള്‍ തന്നെ വീണ്ടും വൃത്തിയാക്കിയിട്ടും, അലക്കിയ തുണികള്‍ വീണ്ടും അലക്കിയിട്ടും, മെനു ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരിക്കലും പരാതിപ്പെടാതെ, ബോറടിക്കാതെ ചെയ്യുന്ന സ്ത്രീജനങ്ങളെ എന്നും അസൂയയോടെയും അത്ഭുതത്തോടെയും മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍പാചകം ചെയ്തത് കഴിച്ചു മാത്രം ശീലിച്ച എനിക്ക് ഇന്നും അവരൊരത്ഭുതം തന്നെയാണ്.

ആദ്യമായി എന്റെ പാചകം പരീക്ഷിക്കുന്നത് സതിചേച്ചിയുടെ അടുക്കളയിലാണ്.മകളുടെ ഡാന്‍സ് മത്സരത്തിന് സ്കൂളില്‍ പോയപ്പോള്‍ സന്ദീപിന് കൂട്ടിരിക്കുകയായിരുന്നു ഞാന്‍. വായിക്കാനായി എന്തെങ്കിലും പരതിയപ്പോള്‍ വന്നുപെട്ടത് ഒരു പാചകപുസ്തകം.ഒരുപാട് ഐറ്റം കണ്ടു,കൂട്ടത്തില്‍ ഒരു വെണ്ടക്കാ കറിയും. ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ വെണ്ടക്കയുണ്ട്, അടുക്കളയില്‍ ഉപ്പും പുളിയും മുളകുമെല്ലാമുണ്ട്. എന്നാലിവനെയൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. വെണ്ടക്ക വെളിച്ചെണ്ണയില്‍ പൊരിച്ചു മാറ്റി. അടുത്ത പ്രശ്നം തേങ്ങ വറുക്കണം, അടുക്കളയിലെങ്ങും തേങ്ങ കണ്ടില്ല. സന്ദീപ് ഒരു മുഴുവന്‍ തേങ്ങഎടുത്തു തന്നു.സര്‍ക്കസിലേതെന്ന പോലെ മിനിറ്റുകള്‍ക്കകം തേങ്ങ മറ്റുള്ളവര്‍ പൊളിക്കുന്നത് വായ പൊളിച്ച് നോക്കി നിന്നിട്ടുണ്ടെന്നതും തേങ്ങാവെള്ളം കുടിച്ചിട്ടുണ്ടെന്നതുമല്ലാതെ എന്റെ കയ്യിലൂടെ ഒരു തേങ്ങയും അന്നേവരെ കടന്നു പോയിട്ടില്ലായിരുന്നു. കയ്യില്‍ തേങ്ങയുമായി ഞാന്‍ സന്ദീപിനെ നോക്കി, അറിയില്ലെന്ന് പറഞ്ഞാല്‍ മോശമല്ലേ.മോന്‍ വാക്കത്തിയെടുക്ക്, ചേച്ചി പൊളിക്കാം. പൊക്കിയാല്‍ പൊങ്ങാത്ത വാക്കത്തിയുമായി അവന്‍ വന്നു. ഞാന്‍ തേങ്ങ പൊളിക്കാനിരുന്നു, കൈ വെട്ടി പോകാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ബിസ്മി ചൊല്ലി. തേങ്ങയ്ക്കും വാക്കത്തിക്കും നോവാത്ത തരത്തില്‍ ആദ്യത്തെ കൊത്ത് കൊത്തി. ഒന്നും സംഭവിച്ചില്ല. തേങ്ങ എന്നെ നോക്കി പല്ലിളിച്ചുകാട്ടി. പിന്നെയും രണ്ടുമൂന്ന് കൊത്ത്, മൂന്നാമത്തെ കൊത്ത് നേരേ ചെന്നത് വിരലില്‍. ചോരയൊഴുകി. സന്ദീപ് “അയ്യോ” എന്ന് പറഞ്ഞ് മരുന്നും വെച്ചുകെട്ടാന്‍ തുണിയുമായിവന്നു. കുറച്ചുനേരം വേദന മാറ്റാന്‍ റിലാക്സ് ചെയ്തു. വീണ്ടുമാലോചിച്ചു, ഈ ഭൂലോകത്തുള്ള പെണ്ണുങ്ങളെല്ലാം, തേങ്ങ പൊളിക്കുന്നു, എനിക്കിതിന് കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിന്പെണ്ണായിട്ട് ജീവിക്കണം. വാടാ തേങ്ങേ, നിന്നെ ഞാനിന്ന്‍ കാണിച്ച് തരാം, വീണ്ടും കയ്യില്‍ വാക്കത്തിയെടുത്തു. സന്ദീപ് ചോദിച്ചു,“ ചേച്ചീ, ഇനിയും വേണോ ഒരു പരീക്ഷണം”.ആദ്യത്തെ കൊത്തില്‍ ഒരു ചെറിയ നാര് പൊന്തി വന്നു. ഞാനത് പല്ല് കൊണ്ട് കടിച്ചു പറിച്ചു. ആ ഗ്യാപ്പില്‍ വീണ്ടും വീണ്ടും നാരുകള്‍ കിട്ടികൊണ്ടേയിരുന്നു. ഓരോ നാരു പോരുന്തോറും ആത്മവിശ്വാസവും ഞാനും ഈ ഭൂമിയില്‍ എന്തൊക്കെയോ ആണെന്നുമുള്ള തോന്നലും വര്‍ദ്ധിച്ചു വന്നു. അതോടെ ആവേശവും. അവസാനം ഒരു ഒന്നൊന്നരമണിക്കൂര്‍ യത്നത്തിന് ശേഷം തേങ്ങ മൊത്തി മാത്രമായി കയ്യില്‍ കിട്ടി. മൊത്തിയും കളഞ്ഞ് അതിനെ വൃത്തിയാക്കി. ഇനി തേങ്ങയുടയ്ക്കണം. കൈവെള്ളയില്‍ വെര്‍ട്ടിക്കലായിവെച്ച് അമ്പെയ്ത്തിന്റെ ഉന്നവുമായി ഒറ്റ വെട്ടില്‍ തേങ്ങ പൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും അതുപോലെ വെച്ചു, ഉന്നം തെറ്റിപ്പോയി. രണ്ടു കഷണത്തിന് പകരംപല മുറികളായിപ്പോയി. എന്നാലും വേണ്ടില്ല, പണ്ടാറം പൊട്ടിയല്ലോ.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ചിരകിയ തേങ്ങ വറുക്കാനാണ്. അടുത്തതായി തേങ്ങ ചിരകണം. പ്രത്യേക സ്റ്റൈലില്‍ രണ്ട് കാലും ഒരു വശത്തേക്ക് നീട്ടി ചിരവയില്‍ഇരുന്ന് രണ്ട് കൈപത്തിയും കൊണ്ട് തേങ്ങാമുറിയെ പൊത്തിപ്പിടിച്ചിരുന്നാണ് ചിരകുന്നത്. ഇവിടെ തേങ്ങാമുറിയില്ല, മുറിക്കഷണമേയുള്ളൂ. ഞാന്‍ ഇരുന്നു.ചിരണ്ടിയപ്പോള്‍ പൊടി പൊടിയായി തേങ്ങ വീഴുന്നു. എന്റെ വിജയം ഞാന്‍ സന്ദീപിനെ വിളിച്ചു കാട്ടിക്കൊടുത്തു. ഇതിത്ര വലിയ കാര്യമൊന്നുമല്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച്അവന്‍ പോയി. മുറിക്കഷണം കൈവെള്ളയില്‍ കുത്തി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും പകുതി തേങ്ങ മുഴുവന്‍ ചിരകി. മണം വരുവോളം വറുത്തു, പുസ്തകം നോക്കി,മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ഇട്ടു.

ഇനി അരയ്ക്കണം. മിക്സി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അമ്മി തന്നെ ശരണം. ചെറുപ്പത്തിലെ മൈലാഞ്ചി അരച്ചിട്ടുള്ളത് കൊണ്ട് അരയ്ക്കാനറിയാം. അരയ്ക്കാന്‍ നിന്നു.ഈ ലോകത്തില്‍ ഒരു ജോലിയും എളുപ്പമല്ല എന്ന്‍ വിളിച്ചറിയിക്കുന്ന വിധത്തില്‍ എന്റെ പുറവും കയ്യുമെല്ലാം വേദനിക്കാന്‍ തുടങ്ങി. വാശിയോടെ അരച്ചു തീര്‍ത്തു.വെണ്ടയ്ക്കയില്‍ മിക്സ് ചെയ്തു. വാളന്‍ പുളിയുമൊഴിച്ച് തിളപ്പിച്ചു. പിന്നെ കടുകും വേപ്പിലയും വറുത്തൊഴിച്ച് ആദ്യമായി ഞാനൊന്ന് രുചിച്ച് നോക്കിയപ്പോള്‍ “ അമ്പടാ, ഞാന്‍വെച്ചാലും കറിയുണ്ടാകുമെന്ന് ഈ ലോകത്തോട് മുഴുവന്‍ വിളിച്ച് പറയാന്‍ തോന്നി”.

ഞാന്‍ സന്ദീപിന് ചോറ് വിളമ്പിക്കൊറുത്തു. തൈരും പിന്നെ എന്റെ കറിയും. “ആഹാ ഇത് വിചാരിച്ചതിലും ഉഗ്രനായിട്ടുണ്ടല്ലോ ചേച്ചീ, മമ്മി വരുമ്പോള്‍ നല്ല കോമ്പ്ലിമെന്റെകിട്ടും”. സതിചേച്ചിക്കും വിശ്വസിക്കാനായില്ല, ഞാനുണ്ടാക്കിയ കറിയാണതെന്ന്. വീട്ടില്‍ ചെന്നപ്പോള്‍ കയ്യിലെ കെട്ട് കണ്ട് അമ്മ ചോദിച്ചപ്പോള്‍ തേങ്ങ പൊളിച്ചതും കറിയുണ്ടാക്കിയതുമായ വിവരം പറഞ്ഞു. ആദ്യം അവര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നെ പറഞ്ഞു,“ആരാന്റമ്മയ്ക്ക് കല്ലിടിക്കും, സ്വന്തം അമ്മയ്ക്ക് തവിടിടിയ്ക്കില്ല”. ഞാനും വിട്ടു കൊടുത്തില്ല, കല്ലിടിച്ചാല്‍ പൊടിയും, തവിടിടിച്ചാല്‍ പറന്ന് കണ്ണ് കാണാതാവും, അതുകൊണ്ടാ.

17 Comments:

Blogger അഡ്വ.സക്കീന said...

ദിവസവും കഴുകിയ അതേ പ്ലേറ്റ് തന്നെ വീണ്ടും കഴുകിയിട്ടും, വൃത്തിയാക്കിയ മുറികള്‍ തന്നെ വീണ്ടും വൃത്തിയാക്കിയിട്ടും, അലക്കിയ തുണികള്‍ വീണ്ടും അലക്കിയിട്ടും, മെനു ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരിക്കലും പരാതിപ്പെടാതെ, ബോറടിക്കാതെ ചെയ്യുന്ന സ്ത്രീജനങ്ങളെ എന്നും അസൂയയോടെയും അത്ഭുതത്തോടെയും മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍പാചകം ചെയ്തത് കഴിച്ചു മാത്രം ശീലിച്ച എനിക്ക് ഇന്നും അവരൊരത്ഭുതം തന്നെയാണ്.

2:04 AM

 
Blogger ശാലിനി said...

എനിക്കും പാചകം ഒട്ടും വശമില്ലായിരുന്നു. ഇപ്പോള്‍ അമ്മ ഉണ്ടാക്കിതന്ന പല വിഭവങ്ങളുടേയും രുചി മനസിലോടിയെത്തുമ്പോള്‍ പരീക്ഷണങ്ങള്‍ നടത്തിയേ പറ്റൂ. അങ്ങനെ ഇന്റെര്‍നെറ്റിലൂടെ പരതി ഇഷ്ടവിഭവങ്ങളുടെ കുറുപ്പുകള്‍ കണ്ടെത്തി പരീക്ഷണം തുടങ്ങി. പരീക്ഷണം നടത്തി നടത്തി ഇപ്പോഒള്‍ ഒരുവിധം നന്നായി ചെയ്യാന്‍ പറ്റുന്നു. പക്ഷേ ഇപ്പോഴും നന്നായി പാചകം ചെയ്യുന്നവരെ കാണുമ്പോള്‍ ബഹുമാനം ഉണ്ട്. എന്റെ ജീവിതത്തില്‍ എന്നെങ്കിലും എനിക്ക് ഒരു തേങ്ങ പൊതിക്കാനോ ഉടയ്ക്കാനോ പറ്റും എന്നു തോന്നുന്നില്ല.

2:24 AM

 
Blogger Unknown said...

പണ്ട് തേങ്ങ പൊളിയ്ക്കാന്‍ പറ്റിണില്ല്യാ ഇതൊന്ന് പൊളിയ്ക്കാന്‍ പറ്റുമോ നോക്കൂ എന്ന് അമ്മ പറഞ്ഞപ്പൊ സംഭവിച്ചതൊക്കെ ഓര്‍മ്മ വന്നു. ങാഹാ തേങ്ങയാണോ ഞാനാണോ ജിം എന്ന വാശി കയറി ഒടുവില്‍ പൊളിച്ചപ്പോള്‍ നാളികേരത്തിന്റെ ചിരട്ടയോട് കൂടിയ 10-25 കഷ്ണങ്ങള്‍. അമ്മ പറഞ്ഞു തേങ്ങ പൊളിയ്ക്കാനാണ് പറഞ്ഞത് അല്ലാതെ കാടാമ്പുഴ അമ്പലത്തില്‍ മുട്ടറക്കണ പോലെ എറിഞ്ഞുടയ്ക്കാനല്ല എന്ന്. അന്ന് ചട്ട്ണിയില്ലാതെ ദോശ കഴിയ്ക്കേണ്ടി വന്നു (ബായ്ക്കപ്പ് ദോശപ്പൊടി കൂട്ടിയിട്ട്):-).

2:29 AM

 
Blogger Unknown said...

സക്കീന ചേച്ചീ,
പോസ്റ്റ് കസറി! :-)

2:30 AM

 
Anonymous Anonymous said...

ഈ പോസ്റ്റ് കലക്കി സക്കീനാ.......ഇപ്പോഴെങ്ങനാ പാചകം?

2:37 AM

 
Blogger വിചാരം said...

സക്കീനരസികന്‍ വിവരണം
കലക്കി ട്ടോ ... ഇത്തിരി കഷ്ടപ്പെട്ടാലെന്താ ലാക്ഷ്യം നേടിയില്ലേ .. ഇങ്ങനെ ജീവിത ലക്ഷ്യമ്വും നേടട്ടെ

2:38 AM

 
Anonymous Anonymous said...

ആദ്യപാചകം ഏതായാലും കലക്കി.
എനിക്ക്‌ കുക്കിംഗ്‌ ഇഷ്ടമാണ്‌.ഇപ്പോള്‍ പുതിയ പാചകപരീക്ഷണങ്ങള്‍ക്കൊന്നും സമയം കിട്ടാറില്ലെന്ന്‌ മാത്രം.

2:55 AM

 
Anonymous Anonymous said...

പോസ്റ്റ് കലക്കി. തേങ്ങ പൊതിക്കാന്‍ ഒരു സൂത്രപ്പണി പറയാം. തേങ്ങ ഒരു കയ്യിലെടുക്കുക. ഏറ്റവും ദ്വേഷ്യമുള്ള ഒരാളെ മനസ്സില്‍ ആവാഹിച്ച് ഒരു ഏറ് വെച്ചുകൊടുക്കുക. അത് പൊട്ടിയിരിക്കും. അടുത്ത സൂത്രപ്പണി വേണോ.. ഞാനോടി..

3:14 AM

 
Anonymous Anonymous said...

http://kiranthompil.blogspot.com/-ന്റെയും പേര്
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാണല്ലോ.

3:16 AM

 
Blogger Siju | സിജു said...

സക്കീന..
ആദ്യപാചകം അടിപൊളി,
അവസാനത്തെ ലൈന്‍ സൂപ്പര്‍
ഓടോ: ഇപ്പോ പാചകമെങ്ങനെ, വാചകം പോലെയായോ :-)

3:20 AM

 
Anonymous Anonymous said...

സാധാരണ ആദ്യ പാചകം, എത്ര വാശി കൂടുന്നോ അതിന്നനുസരിച്ച്, ഫ്ലോപ് ആകാറാണ് പതിവ്. സക്കീനയുടെ ആദ്യപാചകം തന്നെ ഹിറ്റ് ആയതിനാല്‍ പിന്നെ ആ വഴിയേ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നു കരുതട്ടേ?
-വിവരണം കലക്കി, ഒരു കഥ പോലെ.

3:36 AM

 
Anonymous Anonymous said...

അളമുട്ടിയാല്‍ ചേരയും കടിക്കും സക്കീനാ, ഞാനും ഇന്നൊരു പാചകക്കാരന്‍ ;)
എഴുതിയത് നന്നായിരിക്കുന്നു

7:03 AM

 
Anonymous Anonymous said...

കിരണിന്റെ ബ്ലോഗിന്റെ പേര് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാണ്.ആ പേര് ഒന്ന് മാറ്റിയാല്‍ നന്നാകും.

7:50 AM

 
Blogger കരീം മാഷ്‌ said...

ചോറുണ്ട കയ്യു കൊണ്ടു കോഴിയെ ഓടിച്ച പോലായി ഞാന്‍.
ഓരോ പ്രാവശ്യവും സക്കീനാമാഡത്തിനെ ഇനി കാണില്ലന്നു പറഞ്ഞു മനസ്സിനെ കട്ടിയാക്കുമ്പോഴേക്കും ആ കൈയ്യില്‍ നിന്നോരു വറ്റു താഴെ വീഴും.
ആ വറ്റിനെന്താ സ്വാദ്.
പൊന്നെ ആ ബ്ലോഗുമാത്രം നിര്‍ത്തി മറ്റെ ആക്രമണ ബ്ലോഗോക്കെ അങ്ങു ഡിലിറ്റാക്കിയേക്കുന്നേ!
ഒരു നടുക്കു നന്നായി പിളര്‍ന്ന നാളികേരം നടക്കു വെക്കണമെന്നു കരുതിയതാ അപ്പോഴാ ആ മിസ്രിയുടെ ക്ലോസിംഗ് സ്റ്റോക്കു വെരിഫിക്കേഷന്‍ പാര.

7:52 AM

 
Anonymous Anonymous said...

ഇത്രയും കഷ്ടപ്പെട്ട്‌ ആദ്യ പാചകം വിജയകരമായി നിര്‍വഹിച്ച ധീരവനിതക്കുള്ള വല്ല അടുക്കളഭൂഷണം അവാര്‍ഡുമുണ്ടെങ്കില്‍ സക്കീനക്കും ശ്രമിക്കാം.
വിവരണം കലക്കി.

കൃഷ്‌ | krish

7:54 AM

 
Anonymous Anonymous said...

അനംഗാരി said...

കിരണിന്റെ ബ്ലോഗിന്റെ പേര് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നാണ്.ആ പേര് ഒന്ന് മാറ്റിയാല്‍ നന്നാകും.

as far as blogger.com dose't care about the name why should we guys cry?

let kiran change the name of his bolg...

:)
An Anonymous guy.

9:23 PM

 
Blogger Peelikkutty!!!!! said...

പാചകം ഒരുവിധം ഭഗിയായ് ഞാനും ചെയ്യും..തേങ്ങാവെള്ളം എനിക്കും ഫേവറിറ്റ്..പക്ഷെ തേങ്ങ ഉടയ്ക്കുന്നവര്‍ എനിക്ക് ഇന്നും ഒരത്ഭുതമാണ്:-)

12:53 AM

 

Post a Comment

<< Home